0484 2624270; 9446874819

@  cmcprocell@gmail.com

സ്വര്‍ഗീയ വിശുദ്ധിയില്‍

 

 

1-vert

 

 

ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ നിരയില്‍
. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച് ആറുവര്‍ഷത്തിനകം രണ്ടു വിശുദ്ധര്‍കൂടി
. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചു
. കുര്‍ബാനയിലെ ആദ്യ മധ്യസ്ഥ പ്രാര്‍ഥന മലയാളത്തില്‍
. ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി അള്‍ത്താര വണക്കത്തിനു യോഗ്യര്‍; പരസ്യ ആരാധനയില്‍ പേര് ഉപയോഗിക്കാം
. ഭാരത കത്തോലിക്കാ സഭയ്ക്ക് മൂന്നു വിശുദ്ധര്‍;     മൂവരും മലയാളികള്‍
.  കുര്‍ബാന സ്വീകരണച്ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള 150 വൈദികര്‍ പങ്കാളികളായി
. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ ഇന്നു മലയാളത്തില്‍ കൃതജ്ഞതാ ബലി
. സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും

ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ അള്‍ത്താര വണക്കത്തിനു യോഗ്യര്‍.  ത്രിവര്‍ണ പതാകയിലൂടെ ഭാരതവും മലയാളത്തിലൂടെ കേരളവും സാന്നിധ്യമറിയിച്ച ധന്യമുഹൂര്‍ത്തത്തില്‍ ഇരുവരെയും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ നിരയിലേക്കു പേരു ചൊല്ലിവിളിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ മലയാളികളടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ ചരിത്രനിമിഷത്തിനു സാക്ഷികളായി.

ഇറ്റലിക്കാരായ ജിയോവാനി അന്തോനിയോ ഫരീന, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി, ലുദവിക്കോ ദേ കസോറിയോ എന്നിവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. സ്നേഹം വ്യവസ്ഥകളില്ലാതെ പങ്കുവച്ചവരാണ് ഇവരെന്നു മാര്‍പാപ്പ അനുസ്മരിച്ചു. കുര്‍ബാനയ്ക്കൊടുവില്‍ കേരളത്തെയും ഇന്ത്യയിലെ കത്തോലിക്കാ സഭയെയും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.

ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും പ്രകീര്‍ത്തിക്കുന്ന മലയാള ഗാനാലാപനത്തോടെയായിരുന്നു തുടക്കം. ഇരുവരുടെയും തിരുശേഷിപ്പ് വത്തിക്കാന്റെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ചാവറയച്ചന്റെ തിരുശേഷിപ്പ് ഫാ. ജയിംസ് മഠത്തിക്കണ്ടത്തിലും എവുപ്രാസ്യമ്മയുടേത് സിസ്റ്റര്‍ സാങ്റ്റ കോലത്തുമാണു സമര്‍പ്പിച്ചത്.

ചാവറയച്ചന്റെ മധ്യസ്ഥതയില്‍ രോഗം ഭേദമായ കോട്ടയം പാലാ സ്വദേശിനി മരിയ റോസും എവുപ്രാസ്യമ്മയോടു പ്രാര്‍ഥിച്ചു രോഗസൌഖ്യം ലഭിച്ച തൃശൂര്‍ കൊടകര സ്വദേശി ജ്യൂവലും ചടങ്ങുകളില്‍ പങ്കെടുത്തു. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഇതോടെ അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ മൂന്നുപേരായി.

വത്തിക്കാന്‍ നിറഞ്ഞ് മലയാളം
രണ്ടര മണിക്കൂര്‍ നീണ്ട വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങില്‍ പ്രാര്‍ഥനയും സംഗീതവുമായി മലയാളം നിറസാന്നിധ്യമായി.

ചാവറയച്ചനും എവുപ്രാസ്യമ്മയും ലോകത്തിന്റെ പ്രാര്‍ഥനാമുറിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ വിവിധ ഭാഷകളിലുള്ള പ്രാര്‍ഥനകളില്‍ ആദ്യ ഊഴം മലയാളത്തിനായിരുന്നു. തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിഡ് പട്ടത്തിനായിരുന്നു നിയോഗം. വചനപ്രഘോഷണത്തിന്റെ ഭാഗമായുള്ള, ഇംഗിഷിലുള്ള രണ്ടാം വായനയില്‍ എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും സിഎംസി സന്യാസസഭാംഗവുമായ സിസ്റ്റര്‍ ക്ളിയോപാട്രയിലൂടെ കേരളത്തിനു വീണ്ടും പ്രാതിനിധ്യം.

കുര്‍ബാനയുടെ ഭാഗമായ കാഴ്ചവയ്പിലും മലയാളിസാന്നിധ്യമുണ്ടായി.  തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങില്‍ മന്ത്രി കെ. സി. ജോസഫും അള്‍ത്താരയിലെത്തി

 

Source: manoramaonline.com

Leave a Reply

Your email address will not be published. Required fields are marked *